Skip to main content
SearchLoginLogin or Signup

പത്രക്കുറിപ്പ് - കേരളത്തിലെ കെമിക്കൽ സയൻസ് മേഖലയിലെ സ്ത്രീകൾ നേരിടുന്നത് പല വെല്ലുവിളികൾ: പഠന റിപ്പോർട്ട്

RSC-IDF പ്രോജക്റ്റ്-2020 ന്റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർമാര്‍ പുറത്തുവിടുന്ന ഔദ്യോഗിക പത്രക്കുറിപ്പ്

Published onJun 27, 2022
പത്രക്കുറിപ്പ് - കേരളത്തിലെ കെമിക്കൽ സയൻസ് മേഖലയിലെ സ്ത്രീകൾ നേരിടുന്നത് പല വെല്ലുവിളികൾ: പഠന റിപ്പോർട്ട്

കേരളത്തിലെ കെമിക്കൽ സയൻസ് മേഖലയിലേയ്ക്ക് ഒരു സ്ത്രീയ്ക്ക് കടന്നുവരാനും അതിൽ തുടരാനും എത്ര എളുപ്പമാണ്? ഈ സങ്കീർണ്ണമായ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ സഹായിക്കുകയാണ് ഒരു കൂട്ടം യുവഗവേഷകർ. രാജ്യത്തെ വിവിധ സ്ഥാപനങ്ങളിൽ കെമിസ്ട്രി, ബയോളജി, സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്സ്, സോഷ്യോളജി എന്നീ പശ്ചാത്തലങ്ങളിൽ പ്രവർത്തിക്കുന്ന മലയാളികളായ ഗവേഷകരാണ് ഈ പഠനം നടത്തിയത്. യുകെയിലെ കേംബ്രിഡ്ജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രിയുടെ ഇൻക്ലൂഷൻ ആൻഡ് ഡൈവേഴ്‌സിറ്റി അവാര്‍ഡ് - 2020 ആണ് പഠനത്തിന് ധനസഹായം നൽകിയത്. കേരളത്തിലെ 99 സ്ഥാപനങ്ങളിൽ നിന്ന് കെമിക്കൽ സയൻസ് മേഖലയിൽ പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന 262 സ്ത്രീകളുടെ പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയാണ് വിപുലമായ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. വിവിധ സാമൂഹിക-സാമ്പത്തിക, വിദ്യാഭ്യാസ പശ്ചാത്തലങ്ങളിൽ നിന്നുള്ള സ്ത്രീകളുടെ പ്രൈമറി സ്കൂൾ മുതലുള്ള കരിയർ പാതകൾ വിശകലനം ചെയ്യുന്നതാണ് പഠനം. പി.എം. ജാസിൽ (ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ട്, ഡിണ്ടിഗൽ), വി.ജിതിൻ (വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഡെറാഡൂൺ), പി.ടി. ഹനാൻ, പി.അനു (ഫാറൂഖ് കോളേജ്, കോഴിക്കോട്), കെ.കെ. അസ്മാബി, ടി.സി. ശ്രീനാഥ് (സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് പഞ്ചാബ്) എന്നിവരടങ്ങുന്ന ഗവേഷകസംഘമാണ് പഠനത്തിനു പിന്നിൽ. 

വിവാഹം കഴിക്കാനുള്ള സമ്മർദം, സാമ്പത്തിക സ്ഥിരത, മാതാപിതാക്കളുടെ വിദ്യാഭ്യാസ പശ്ചാത്തലം, മതം, പങ്കാളി, കുടുംബം എന്നിവയുടെ സ്വാധീനം എന്നിവ സ്ത്രീകളുടെ കരിയർ പാതയിൽ വ്യക്തമാണെന്നും, ഇവർ നേരിടുന്ന സാമൂഹികവും കുടുംബപരവുമായ സമ്മർദ്ദങ്ങളുടെ വ്യാപ്തി വലുതാണെന്നും പഠനത്തിൽ കണ്ടെത്തി. സ്കൂൾ കാലഘട്ടത്തിലെ ലാബ് സൗകര്യങ്ങൾ, അധ്യാപന രീതി എന്നിവ സ്ത്രീകൾ  കെമിക്കൽ സയൻസ് മേഖലയിൽ കരിയര്‍ തിരഞ്ഞെടുക്കാൻ പ്രാധാന പങ്ക് വഹിക്കുന്നുണ്ട്. കെമിക്കൽ അനാലിസിസ് ലാബുകൾ, ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ, മറ്റ് വ്യവസായങ്ങൾ എന്നിവ ഉൾപ്പെടുന്ന വിദ്യാഭ്യാസേതര മേഖല സ്ത്രീകളെ കൂടുതൽ ഉൾക്കൊള്ളണമെന്നും, ഈ മേഖലയിൽ മികച്ച തൊഴിൽ പാതകൾ കണ്ടെത്താൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു.

“അനുയോജ്യമായ നയ മാറ്റങ്ങൾക്കും നടപ്പാക്കലുകൾക്കുമായി കെമിക്കൽ സയൻസ് കമ്മ്യൂണിറ്റി തലത്തിൽ ഈ റിപ്പോർട്ട്‌ വിശദമായ ചർച്ചകൾക്ക് വിധേയമാക്കണം. ഈ വിഷയത്തിൽ സംസ്ഥാനത്തെ സാമൂഹിക-രാഷ്ട്രീയ, മത സംഘടനകളുടെ അടിയന്തര ശ്രദ്ധയും ആവശ്യമാണ്”

കുടുംബം, സമൂഹം, അക്കാദമിക അന്തരീക്ഷം തുടങ്ങി കരിയറിനെ സ്വാധീനിക്കുന്ന വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കി, സംസ്ഥാന തലത്തിൽ ഇത്രയും വിശദമായൊരു പഠനം  നടക്കുന്നത് രാജ്യത്ത് ഇത് ആദ്യമായാണെന്ന് പ്രധാന ഗവേഷകരിൽ ഒരാളായ വി. ജിതിൻ പറഞ്ഞു. സംസ്ഥാനത്ത് ഈ മേഖലയില്‍ ഭാവി നയങ്ങൾ വികസിപ്പിക്കുമ്പോൾ പരിഗണിക്കേണ്ട സുപ്രധാന കാര്യങ്ങൾ റിപ്പോര്‍ട്ടില്‍ അടങ്ങിയിട്ടുണ്ട്. “അനുയോജ്യമായ നയ മാറ്റങ്ങൾക്കും നടപ്പാക്കലുകൾക്കുമായി കെമിക്കൽ സയൻസ് കമ്മ്യൂണിറ്റി തലത്തിൽ ഈ റിപ്പോർട്ട്‌ വിശദമായ ചർച്ചകൾക്ക് വിധേയമാക്കണം. ഈ വിഷയത്തിൽ സംസ്ഥാനത്തെ സാമൂഹിക-രാഷ്ട്രീയ, മത സംഘടനകളുടെ അടിയന്തര ശ്രദ്ധയും ആവശ്യമാണ്”, ജിതിൻ കൂട്ടിച്ചേർത്തു. 

"STEM (Science, Technology, Engineering and Maths) മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കാൻ നിരവധി സർക്കാർ പദ്ധതികൾ ഉണ്ട്, എന്നാൽ ഭൂരിഭാഗം ആളുകൾക്കും അവയെക്കുറിച്ച് അറിയില്ല. ഉദാഹരണത്തിന്, വനിതാ ശാസ്ത്രജ്ഞരുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുകയും ഗവേഷണത്തിൽ അവസരങ്ങൾ നൽകുകയും ചെയ്യുന്ന പദ്ധതിയാണ് ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (DST) യുടെ കിരൺ സ്കീം. എന്നാൽ നമ്മളില്‍ മിക്കവർക്കും ഇതിനെക്കുറിച്ച് അറിവില്ല”

"കേരളത്തിലെ കെമിക്കൽ സയൻസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 4000-ലധികം സ്ഥാപനങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ, വ്യവസായ യൂണിറ്റുകൾ എന്നിവയുടെ ഡാറ്റാബേസ് നിർമ്മിച്ച്, ഇവയിൽ നിന്ന് ക്രമരഹിതമായി തെരഞ്ഞെടുത്ത (random sampling) സ്ത്രീകളെ ഓൺലൈൻ സർവേയ്ക്കായി ബന്ധപ്പെടുകയായിരുന്നു. നേരിട്ടുള്ള സർവ്വേയാണ് ആദ്യം ലക്ഷ്യമിട്ടതെങ്കിലും കോവിഡ് സാഹചര്യങ്ങൾ പരിഗണിച്ച് ഓൺലൈൻ സർവേയിലേക്കും ടെലിഫോൺ അഭിമുഖങ്ങളിലേക്കും പഠനരീതി മാറ്റുകയായിരുന്നു." മറ്റൊരു പ്രധാന ഗവേഷകനായ പി.എം. ജാസിൽ പറഞ്ഞു.

"STEM (Science, Technology, Engineering and Maths) മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കാൻ നിരവധി സർക്കാർ പദ്ധതികൾ ഉണ്ട്, എന്നാൽ ഭൂരിഭാഗം ആളുകൾക്കും അവയെക്കുറിച്ച് അറിയില്ല. ഉദാഹരണത്തിന്, വനിതാ ശാസ്ത്രജ്ഞരുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുകയും ഗവേഷണത്തിൽ അവസരങ്ങൾ നൽകുകയും ചെയ്യുന്ന പദ്ധതിയാണ് ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (DST) യുടെ കിരൺ സ്കീം. എന്നാൽ നമ്മളില്‍ മിക്കവർക്കും ഇതിനെക്കുറിച്ച് അറിവില്ല”. പഠനഫലങ്ങൾ വിശദീകരിച്ചുകൊണ്ട് ഗവേഷകയായ പി.ടി. ഹനാൻ വ്യക്തമാക്കി.

ഓസ്ട്രേലിയയിലെ ഇന്റർനാഷണൽ സെന്റർ ഫോർ റേഡിയോ അസ്ട്രോണമി റിസർച്ച് അഡ്ജംക്ട് പ്രൊഫസറും; മുന്‍ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് ശാസ്ത്രജ്ഞയും; ഇന്ത്യൻ ഫിസിക്‌സ് അസോസിയേഷൻ, ജെൻഡർ ആൻഡ് ഫിസിക്‌സ് വർക്കിംഗ് ഗ്രൂപ്പിന്റെ മുന്‍ ചെയറും സ്ഥാപകയുമായ പ്രൊഫ. പ്രജ്വല്‍ ശാസ്ത്രിയാണ് ഈ പഠനത്തിന്റെ വിദഗ്ധ പരിശോധകരിൽ ഒരാൾ. "കേരളത്തിലെ കെമിക്കൽ സയൻസ് മേഖലയിലുള്ള ലിംഗപരമായ അസമത്വത്തിന്റെ സങ്കീർണ്ണമായ കാരണങ്ങളെ മനസിലാക്കാനുള്ള മികച്ച ശ്രമമാണിത്. ഇതൊരു മാതൃകയായി കണ്ടുകൊണ്ട്, എല്ലാ അക്കാദമിക് വിഷയങ്ങളിലും രാജ്യവ്യാപകമായി ഇത്തരത്തിൽ അനിവാര്യമായ പഠനങ്ങൾ കൂടുതലായി നടക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ലിംഗ അസമത്വം വ്യക്തമായും സാമൂഹ്യശാസ്ത്രപരമായ ഒരു പ്രതിഭാസമാണെന്നിരിക്കെ, തുടക്കം മുതൽ സാമൂഹിക ശാസ്ത്രജ്ഞർ ഭാഗമായത് പഠനത്തിന് ശക്തമായ അടിത്തറ പാകിയിട്ടുണ്ട്." പ്രൊഫ. പ്രജ്വല്‍ ശാസ്ത്രി വ്യക്തമാക്കി.

"കേരളത്തിലെ കെമിക്കൽ സയൻസ് മേഖലയിലുള്ള ലിംഗപരമായ അസമത്വത്തിന്റെ സങ്കീർണ്ണമായ കാരണങ്ങളെ മനസിലാക്കാനുള്ള മികച്ച ശ്രമമാണിത്. ഇതൊരു മാതൃകയായി കണ്ടുകൊണ്ട്, എല്ലാ അക്കാദമിക് വിഷയങ്ങളിലും രാജ്യവ്യാപകമായി ഇത്തരത്തിൽ അനിവാര്യമായ പഠനങ്ങൾ കൂടുതലായി നടക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ലിംഗ അസമത്വം വ്യക്തമായും സാമൂഹ്യശാസ്ത്രപരമായ ഒരു പ്രതിഭാസമാണെന്നിരിക്കെ, തുടക്കം മുതൽ സാമൂഹിക ശാസ്ത്രജ്ഞർ ഭാഗമായത് പഠനത്തിന് ശക്തമായ അടിത്തറ പാകിയിട്ടുണ്ട്."

ശാസ്ത്രജ്ഞർ, നയകർത്താക്കൾ, കൂട്ടായ്മകള്‍, പൊതുസമൂഹം എന്നിവരുടെ അടിയന്തര ശ്രദ്ധ അർഹിക്കുന്നതാണ് ഈ പഠനഫലങ്ങളെന്ന് ബംഗളൂരുവിലെ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ എമറിറ്റസ് ശാസ്ത്രജ്ഞ കൂടിയായ അവര്‍ കൂട്ടിച്ചേർത്തു. 

കെമിക്കൽ സയൻസ് കമ്മ്യൂണിറ്റിയിലെ ആശയവിനിമയം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 'കെമിക്യൂൾ' എന്ന പേരിൽ ഒരു മൊബൈൽ ആപ്ലിക്കേഷനും ഈ ഗവേഷകസംഘം വികസിപ്പിച്ചിട്ടുണ്ട്. ഇത് സംസ്ഥാനത്തെ ഗവേഷക കൂട്ടായ്മകള്‍ക്കും ​​സ്ഥാപനങ്ങൾക്കും ​​ഉപയോഗിക്കാവുന്നതാണ്.

"ക്വാണ്ടിറ്റേറ്റീവ് അവലോകനത്തിനാണ് പഠനം പ്രാധാന്യം കൊടുക്കുന്നതെങ്കിലും, ഇതിന്റെ പഠനരീതി വളരെ പ്രത്യേകതയുള്ളതാണ്. ഇന്റര്‍ ഡിസിപ്ലിനറി, മൾട്ടി ഡിസിപ്ലിനറി സ്വഭാവത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന അക്കാദമിക ലോകത്തിൽ, ശാസ്ത്ര- സാങ്കേതിക വിദ്യയുടെ സാമൂഹികശാസ്ത്രം എന്ന വലിയൊരു ശാഖയിലേക്ക് നമ്മുടെ സാങ്കേതിക-ശാസ്ത്ര സംരംഭങ്ങൾ കടന്നു വരണമെന്ന് ആവശ്യപ്പെടുന്ന ഈ പഠനരീതി ഏറെ പ്രസക്തമാണ്." പഠനത്തിന്റെ മറ്റൊരു വിദഗ്ധ പരിശോധകനും, ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിലെയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ബോംബെയിലെയും ഗവേഷണ വിദ്യാര്‍ത്ഥിയുമായ ഇല്യാസ് മണക്കടവൻ പറഞ്ഞു. ഓപ്പൺ സോഴ്‌സ് റിസർച്ച് ഷെയറിങ് പ്ലാറ്റ്‌ഫോമായ സെനോഡോയിൽ മുഴുവന്‍ പഠനറിപ്പോർട്ട് ലഭ്യമാണ്. 

“ഇന്റര്‍ ഡിസിപ്ലിനറി, മൾട്ടി ഡിസിപ്ലിനറി സ്വഭാവത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന അക്കാദമിക ലോകത്തിൽ, ശാസ്ത്ര- സാങ്കേതിക വിദ്യയുടെ സാമൂഹികശാസ്ത്രം എന്ന വലിയൊരു ശാഖയിലേക്ക് നമ്മുടെ സാങ്കേതിക-ശാസ്ത്ര സംരംഭങ്ങൾ കടന്നു വരണമെന്ന് ആവശ്യപ്പെടുന്ന ഈ പഠനരീതി ഏറെ പ്രസക്തമാണ്."

*******************

റിപ്പോർട്ട് ലിങ്ക്: കേരളത്തിലെ സ്ത്രീകളുടെ കരിയര്‍ വഴികള്‍ കെമിക്കല്‍ സയന്‍സ് മേഖലയില്‍ : വിദ്യാഭ്യാസ ഘട്ടങ്ങളിലൂടെയുള്ള ഒരന്വേഷണം [Women’s Career Pathway in Chemical Sciences; a Multi-stage Investigation in Kerala, India]; DOI: https://doi.org/10.5281/zenodo.5178906 

പ്രോജക്റ്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്https://rsc-idf-wck.pubpub.org/

മീഡിയ വിവരങ്ങള്‍ക്ക്: വി.ജിതിൻ ([email protected]; +91 8261 943 195); പി.എം. ജാസിൽ ([email protected]; +91 9072 028 179); പി.ടി. ഹനാൻ ([email protected])

Comments
0
comment
No comments here
Why not start the discussion?